അണ്ടർ 19 ലോകചാമ്പ്യന്മാർക്ക് 7.5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ


ഇംഗ്ലണ്ടിനെ ഫൈനലിൽ പരാജയപ്പെടുത്തി 2026 അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ അണ്ടർ-19 ടീമിന് 7.5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ).

ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം ഉയർത്തിയ ഇന്ത്യൻ അണ്ടർ-19 ടീം ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് കിരീട നേട്ടത്തിലെത്തിയത്. ടീമിന്റെ ഈ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്യ, അണ്ടർ-19 ലോകകപ്പ് കിരീട ജേതാക്കളായ ടീമിന് 7.5 കോടി രൂപയുടെ കാഷ് അവാർഡ് നൽകുമെന്ന് അറിയിച്ചു.

ടൂർണമെന്റുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കിയതെന്നും, ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തി വീണ്ടും തെളിയിക്കുന്നതാണെന്നും ദേവജിത് സൈക്യ പറഞ്ഞു.

അതേസമയം, ഇന്ത്യൻ അണ്ടർ-19 ടീമിന്റെ ലോകകപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

“ഇന്ത്യയുടെ ക്രിക്കറ്റ് പ്രതിഭ ലോകത്താകമാനം തിളങ്ങുന്നു. ലോകകപ്പ് ഇന്ത്യയിലെത്തിച്ച അണ്ടർ-19 ടീമിനെക്കുറിച്ച് അഭിമാനം തോന്നുന്നു. ടൂർണമെന്റുടനീളം ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വിജയം നിരവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകും. താരങ്ങൾക്ക് ഭാവിയിലെ മത്സരങ്ങൾക്ക് എല്ലാ ആശംസകളും,” പ്രധാനമന്ത്രി പറഞ്ഞു.

Share this news

           

RELATED NEWS

champions