ഇന്ത്യക്കെതിരായ ട്വന്റി ട്വന്റി ലോകകപ്പ് മത്സരം ബഹിഷ്കരിച്ച് പാകിസ്ഥാൻ. ഫെബ്രുവരി മാസം 15ന് ശ്രീലങ്കയിലെ കൊളംബോയിൽ നടക്കാൻ ഇരുന്ന മത്സരമാണ് പാകിസ്ഥാൻ ബഹിഷ്കരിച്ചത്. ഞായറാഴ്ച്ച രാത്രിയാണ് പാകിസ്ഥാൻ സർക്കാർ ഈ തീരുമാനം പുറത്തുവിട്ടത്. ലോകകപ്പിൽ പങ്കെടുക്കുമെങ്കിലും ഇന്ത്യയുമായുള്ള മത്സരം കളിക്കില്ല എന്നാണ് പാകിസ്ഥാൻ സർക്കാർ എടുത്ത തീരുമാനം. സംഭവത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിട്ടില്ല. തീരുമാനത്തിന് കൃത്യമായ കാരണങ്ങൾ ഒന്നും തന്നെ പുറത്തു പറയാത്ത സാഹചര്യത്തിൽ പാകിസ്ഥാനെതിരെ നിയമനടപടി എടുക്കാൻ തിരിഞ്ഞിരിക്കുകയാണ് ഐസിസി. ഐസിസി പുറത്തുവിട്ട പ്രസ് റിലീസ് പ്രകാരം പാകിസ്ഥാൻ സർക്കാരിൽ നിന്നും ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിച്ചതായി അറിയിപ്പ് ലഭിച്ചെന്നും ഇതിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതികരിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത് പ്രകാരം ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ ആണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്ന്റെ തീരുമാനം എങ്കിൽ അതിനെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഐസിസി അറിയിച്ചു. നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം സുരക്ഷാ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി ലോകകപ്പിൽ നിന്നും പിൻമാറിയിട്ടുണ്ട്.
സംഭവത്തിൽ ബിസിസിഐയും പ്രതികരിച്ചിട്ടുണ്ട്. ബിസിസിഐ പ്രതികരണ കുറിപ്പ് പ്രകാരം പാകിസ്ഥാൻ മത്സരം ബഹിഷ്കരിച്ചതുമായി ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല അതിനാൽ ഐസിസി പെരുമാറ്റച്ചട്ടം പ്രകാരം ഇന്ത്യൻ ടീം കൊളംബോ സ്റ്റേഡിയത്തിൽ മത്സരത്തിന് ഇറങ്ങും എന്നും മാച്ച് റഫറി മത്സരം ബഹിഷ്കരിച്ചു എന്ന് പറയുന്നത് വരെ സ്റ്റേഡിയത്തിൽ തന്നെ തുടരുമെന്നും അറിയിച്ചു.
ഈ മാസം 7ന് ആണ് ട്വന്റി ട്വന്റി ലോകകപ് ആരംഭിക്കുക. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ഫൈനൽ ഉൾപ്പടെ 55 മത്സരങ്ങളാണ് അരങ്ങേറുക. ആദ്യ മത്സരം പാകിസ്ഥാനും നെതെർലാൻഡ്‌സും തമ്മിൽ ആണ്. ഇന്ത്യയുടെ ആദ്യ മത്സരം യൂഎസ്എയുമായാണ്.