ചൊവ്വാഗ്രഹത്തിൽ ഏകദേശം 350 കോടി വർഷങ്ങൾക്ക് മുൻപ് വിശാലമായ ഒരു തടാകവും കടൽത്തീരസമാനമായ പ്രദേശവും ഉണ്ടായിരുന്നുവെന്നതിന് തെളിവുകൾ കണ്ടെത്തിയതായി നാസയുടെ പെർസിവിയറൻസ് റോവർ. ചുവന്ന ഗ്രഹത്തിൽ ഒരുകാലത്ത് ജീവൻ നിലനിന്നിരുന്നുവോയെന്ന അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഈ നിർണായക കണ്ടെത്തൽ.
ഇംപീരിയൽ കോളേജ് ലണ്ടൻ നേതൃത്വം നൽകിയ പഠനത്തിന്റെ ഫലങ്ങൾ ജേണൽ ഓഫ് ജിയോഫിസിക്കൽ റിസർച്ച്: പ്ലാനറ്റ്സ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
ചൊവ്വയിലെ ജെസിറോ ക്രേറ്ററിലെ “മാർജിൻ യൂണിറ്റ്” എന്നറിയപ്പെടുന്ന പ്രദേശത്തിലാണ് കണ്ടെത്തൽ നടന്നത്. ഇവിടെ തിരമാലകളാൽ രൂപപ്പെട്ട കടൽത്തീര ഘടനകളും ഭൂഗർഭ ജലത്തിന്റെ സ്വാധീനത്തിൽ മാറ്റം സംഭവിച്ച പാറകളും ഗവേഷകർ തിരിച്ചറിഞ്ഞു.
പഠനമനുസരിച്ച്, ഒലിവിൻ, കാർബണേറ്റ് എന്നീ ഖനിജങ്ങൾ അടങ്ങിയ വൃത്താകൃതിയിലുള്ള മണൽതരികൾ ഈ പ്രദേശം ഒരുകാലത്ത് തീരപ്രദേശമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. പ്രദേശത്തെ ബെഡ്രോക്ക് തിരമാലകളുടെ പ്രവർത്തനത്തിലൂടെ ക്ഷയിച്ചിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.
ഈ കണ്ടെത്തലുകൾ ചൊവ്വയിൽ ഒരുകാലത്ത് ജലം സജീവമായി നിലനിന്നിരുന്നുവെന്നും ഗ്രഹത്തിന്റെ ഉപരിതലം രൂപപ്പെടുത്തുന്നതിൽ ജലത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും സൂചിപ്പിക്കുന്നു. അതുവഴി ചൊവ്വ ഒരുകാലത്ത് ജീവൻ നിലനിൽക്കാൻ കൂടുതൽ അനുകൂലമായ അന്തരീക്ഷം കൈവശം വെച്ചിരുന്നിരിക്കാമെന്ന സാധ്യതയും ശക്തമാകുകയാണ്.