കേരളത്തിൽ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ പിന്തുണ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നുമുള്ള ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ സർവ്വേയുടെ ആധികാരികത സംശയനിഴലിൽ. ഒരു സർവ്വേയുടെ വിശ്വാസ്യത അളക്കാൻ അത്യാവശ്യം വേണ്ട പല ഘടകങ്ങളും ഇല്ലാത്ത ഒരു അഭിപ്രായ സർവ്വേ ആണ് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എൻഡിടിവി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് എന്ന് നിരീക്ഷകർ.
പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രണയ് റോയ് സ്ഥാപിച്ച എൻഡിടിവി ഒരു സർവ്വേ ഫലം പുറത്തുവിടുമ്പോൾ സാധാരണയായി CSDS പോലുള്ള പ്രശസ്തമായ ഏതെങ്കിലും ഏജൻസികളുമായി സഹകരിച്ചാണ് അത് ചെയ്യാറുള്ളത്. എന്നാൽ ഈ റിപ്പോർട്ടിൽ votevibe india എന്ന അത്രയൊന്നും അറിയപ്പെടാത്ത ഏജൻസിയാണ് ഡാറ്റ ശേഖരിച്ചത്.
എത്ര പേരുടെ ഇടയിലാണ് ഈ സർവ്വേ നടത്തിയത് എന്നത് ഏറ്റവും പ്രധാനമാണ്. 500 പേരിൽ നടത്തുന്ന സർവ്വേയും 50,000 പേരിൽ നടത്തുന്ന സർവ്വേയും നൽകുന്ന ഫലം വ്യത്യസ്തമായിരിക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ, വിവിധ പ്രായക്കാർ, ലിംഗഭേദങ്ങൾ, ജാതി-മത വിഭാഗങ്ങൾ എന്നിവരെ ആനുപാതികമായി ഉൾപ്പെടുത്തിയോ എന്നതിനെക്കുറിച്ച് റിപ്പോർട്ട് നിശബ്ദമാണ്. ഇത് സർവ്വേയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു
സർവ്വേയിൽ പങ്കെടുത്തവരോട് ചോദിച്ച ചോദ്യങ്ങൾ എന്തൊക്കെയാണെന്ന് റിപ്പോർട്ടിൽ വ്യക്തമല്ല. ഉദാഹരണത്തിന്, "നിലവിലെ ഭരണത്തിൽ നിങ്ങൾ സംതൃപ്തനാണോ?" എന്ന ചോദ്യവും "മുൻപത്തെ ഭരണത്തെക്കാൾ മികച്ചതാണോ ഇപ്പോഴത്തെ ഭരണം?" എന്ന ചോദ്യവും നൽകുന്ന ഉത്തരങ്ങൾ വ്യത്യസ്തമായിരിക്കും. ചോദ്യങ്ങൾ ഒരു പ്രത്യേക ഉത്തരത്തിലേക്ക് നയിക്കുന്ന രീതിയിലാണോ (Leading questions) എന്ന് പരിശോധിക്കാൻ ഇവിടെ നിർവാഹമില്ല.
അതിനേക്കാൾ പ്രധാനം പിണറായി വിജയനും വി.ഡി സതീശനും തമ്മിലുള്ള ജനപ്രീതി താരതമ്യം ആയിരുന്നില്ല, മറിച്ച് ഗ്രാഫിക്സിൽ ഉടനീളം മൂന്നാം സ്ഥാനത്തുള്ള ശൈലജ ടീച്ചറെക്കാൾ പ്രാധാന്യത്തോടെ നാലാം സ്ഥാനക്കാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഗ്രാഫ് ഉയർന്നു നിന്നിരുന്നു. ഒപ്പം തന്നെ, വോട്ടിങ് ശതമാനത്തിന്റെ കണക്കും ടാലി ആകുന്നില്ല. എൻഡിടിവി സർവ്വേ പ്രകാരം യുഡിഫിനു 32.7 ശതമാനം, എൽ ഡി ഫ് 29.3 ശതമാനം, എൻ ഡി എ 19.8 ശതമാനം എന്നിങ്ങനെയാണ് പ്രധാന മുന്നണികളുടെ വോട്ടുശതമാനം കണക്കാക്കിയിരിക്കുന്നത്. ഒപ്പം തന്നെ മറ്റുള്ളവർ 3 ശതമാനവും ഒരു അഭിപ്രായവും ഇല്ലാത്തവർ 7.5 ശതമാനവും. ഇത് മുഴുവൻ കൂട്ടിയാൽ 100 വരേണ്ടിടത്തു 92.3 ശതമാനമേ ആകുന്നുള്ളു.
ചുരുക്കത്തിൽ, കൃത്യമായ ഡാറ്റയുടെയും മെത്തഡോളജിയുടെയും പിന്തുണയില്ലാത്ത ഇത്തരം വാർത്തകളെ 'അനാലിസിസ്' എന്നതിനേക്കാൾ ഒരു 'ട്രെൻഡ് റിപ്പോർട്ട്' ആയി മാത്രമേ കാണാൻ കഴിയൂ എന്നും ഇത്തരത്തിലുള്ള സർവ്വേകൾ പലപ്പോഴും ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ വേണ്ടിയുള്ളതാകാം എന്നും ന്യൂസ് മലയാളത്തിൽ സനീഷ് ഇളയിടത്ത് നിരീക്ഷിക്കുന്നു.
പ്രണയ് റോയിയുടെ വിടവാങ്ങലിലൂടെ എൻഡിടിവിയുടെ ആധികാരികത നഷ്ടപ്പെട്ടുവോ?
ഇന്ത്യയിൽ എക്സിറ്റ് പോളുകളുടെയും അഭിപ്രായ സർവ്വേകളുടെയും തലതൊട്ടപ്പനായ പ്രമുഖ മാധ്യമ പ്രവർത്തകൻ പ്രണയ് റോയ് പടുത്തുയർത്തിയ സ്ഥാപനമാണ് എൻഡിടിവി. സാമ്പത്തിക വിദഗ്ധനായ പ്രണോയ് റോയിയും ഭാര്യയും മാധ്യമപ്രവർത്തകയുമായ രാധികാ റോയിയും ചേർന്നാണ് 1984-ൽ എൻഡിടിവി സ്ഥാപിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ സഹോദരിയാണ് രാധിക.
തുടക്കത്തിൽ ഇതൊരു വാർത്താ ചാനലായിരുന്നില്ല, മറിച്ച് ദൂരദർശനും മറ്റ് അന്താരാഷ്ട്ര ചാനലുകൾക്കും വേണ്ടി വാർത്താ പരിപാടികൾ നിർമ്മിച്ചു നൽകുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് ആയിരുന്നു. 1998-ൽ രൂപർട്ട് മർഡോക്കിന്റെ സ്റ്റാർ നെറ്റ്‌വർക്കുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ 'സ്റ്റാർ ന്യൂസ്' ആരംഭിച്ചു. ഇതിലെ വാർത്തകൾ തയ്യാറാക്കിയിരുന്നത് എൻഡിടിവി ആയിരുന്നു. 2003-ൽ സ്റ്റാർ ഗ്രൂപ്പുമായുള്ള കരാർ അവസാനിച്ചതോടെ എൻഡിടിവി സ്വന്തമായി NDTV 24x7 (ഇംഗ്ലീഷ്), NDTV India (ഹിന്ദി) എന്നീ ചാനലുകൾ തുടങ്ങുകയായിരുന്നു.
ഗുണനിലവാരമുള്ള മാധ്യമപ്രവർത്തനത്തിലൂടെയും രവിഷ് കുമാർ, ബർഖ ദത്ത് തുടങ്ങിയ പ്രമുഖ മാധ്യമപ്രവർത്തകരിലൂടെയും എൻഡിടിവി ദേശീയ ശ്രദ്ധ നേടി. നിശിതമായ ഭരണകൂട വിമർശനം മാത്രമല്ല, അഭിപ്രായ സർവ്വേകളും എക്സിറ്റ് പോളുകളുമായിരുന്നു ചാനലിന്റെ മുഖമുദ്ര. നേരത്തെ എൻഡിടിവി നടത്തിയിരുന്ന സർവ്വേകൾ (പ്രത്യേകിച്ച് CSDS-മായി ചേർന്ന്) ഇന്ത്യയിൽ ഏറെ ആധികാരികമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ഉടമസ്ഥാവകാശം മാറിയതിന് ശേഷം പുറത്തുവരുന്ന സർവ്വേകളുടെ വിശ്വാസ്യതയെക്കുറിച്ച് പല മാധ്യമ നിരീക്ഷകരും സംശയങ്ങൾ ഉന്നയിക്കാറുണ്ട്.
അദാനിയുടെ ഏറ്റെടുക്കൽ:
എൻഡിടിവി ഗ്രൂപ്പിനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് 2022-ൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അദാനി ഗ്രൂപ്പ് എൻഡിടിവി (NDTV) ഏറ്റെടുത്തത് ഇന്ത്യൻ മാധ്യമരംഗത്തെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു. ഒരു 'ഹോസ്‌റ്റൈൽ ടേക്ക്ഓവർ' (Hostile Takeover) എന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ഈ പ്രക്രിയ നടന്നത്. എന്നുവച്ചാൽ ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ ഒരു കോർപ്പറേറ്റ് സ്ഥാപനത്തെ ഏറ്റെടുക്കുന്ന രീതിയാണ് Hostile Takeover.
ഗൗതം അദാനി എൻഡിടിവി ഏറ്റെടുക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് പ്രണോയ് റോയിക്കും രാധികാ റോയിക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ എടുത്ത കേസുകളാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
മോഡി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം 2017-ൽ ഐസിഐസിഐ (ICICI) ബാങ്കിൽ നിന്നടുത്ത വായ്പയുമായി ബന്ധപ്പെട്ട് സിബിഐ റോയിമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നായിരുന്നു ആരോപണം. എന്നാൽ തങ്ങൾ വായ്പ കൃത്യമായി തിരിച്ചടച്ചുവെന്നും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അന്ന് എൻഡിടിവി പ്രതികരിച്ചു. വിദേശനാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചുവെന്നാരോപിച്ച് ഇഡിയും ഇവർക്കെതിരെ അന്വേഷണം നടത്തിയിരുന്നു. വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണമായിരുന്നു ഇതിന്റെ ആധാരം.
2019 ഓഗസ്റ്റിൽ പ്രണോയ് റോയിയെയും രാധികാ റോയിയെയും മുംബൈ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞു. സിബിഐയുടെ ലുക്ക് ഔട്ട് സർക്കുലർ നിലവിലുള്ളതിനാലാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിക്കാതിരുന്നത്.
കേസുകളും ഏറ്റെടുക്കലും തമ്മിലുള്ള ബന്ധം:
പല രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നത്, ഈ കേസുകളും സാമ്പത്തിക പ്രതിസന്ധികളും റോയിമാരെ വലിയ സമ്മർദ്ദത്തിലാക്കി എന്നാണ്. അദാനി ഗ്രൂപ്പ് വന്നപ്പോൾ എതിർപ്പുകളില്ലാതെ ഓഹരികൾ വിട്ടുനൽകാൻ ഈ കേസുകൾ കാരണമായിട്ടുണ്ടാകാം എന്ന് കരുതുന്നവരുണ്ട്.
ഉടമസ്ഥാവകാശം മാറിയതോടെ സ്ഥാപകരായ പ്രണോയ് റോയിയും രാധികാ റോയിയും മാനേജ്‌മെന്റിൽ നിന്ന് രാജിവെച്ചു. ചാനലിന്റെ മുഖമായിരുന്ന രവിഷ് കുമാർ ഉൾപ്പെടെയുള്ള പല മുതിർന്ന മാധ്യമപ്രവർത്തകരും ഈ മാറ്റത്തിന് പിന്നാലെ സ്ഥാപനം വിട്ടു.
ചാനലിന്റെ എഡിറ്റോറിയൽ നിലപാടുകളിലും വലിയ മാറ്റങ്ങൾ വന്നു. ഒരു പക്ഷെ ഇതാണ് കേരള സർവേയിലും പ്രതിഫലിക്കുന്നത്.