തിരുവനന്തപുരം: എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ന്യായവ്യവസ്ഥയെ അപമാനിക്കുന്നതായി ആരോപിക്കപ്പെട്ട ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ സുപ്രീം കോടതി ഇടപെട്ടത് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്വാഗതം ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ന്യായവ്യവസ്ഥയെ ചെറുതാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് ന്യായവ്യവസ്ഥയെ കുറിച്ച് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് ഗുരുതരമായ വിഷയമാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ആദരിക്കാനുള്ള ബോധം പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇടുത്തിടെ നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) നടത്തിയ പാഠപുസ്തക പരിഷ്‌കരണങ്ങളും ഒഴിവാക്കലുകളും സ്വതന്ത്ര വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സമഗ്രമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രവും ഭരണഘടനാ മൂല്യങ്ങളും വക്രപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടായോ എന്നതും അന്വേഷണ വിധേയമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻസിഇആർടി ഏകപക്ഷീയമായി നടത്തിയ ഒഴിവാക്കലുകൾക്കെതിരെ കേരളം മുൻപ് തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെന്നും ഒഴിവാക്കിയ പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് പൂരക പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.