മനുഷ്യ ബഹിരാകാശ യാത്രയിൽ വലിയ സംഭാവന നൽകിയ സുനിത വില്യംസ് 27 വർഷത്തെ സേവനത്തിന് ശേഷം നാസയിൽ നിന്ന് വിരമിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒമ്പത് മാസത്തെ ചരിത്രപരമായ ദൗത്യത്തോടെയാണ് അവരുടെ ദീർഘ യാത്രക്ക് വിരാമമായത്.
മനുഷ്യ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സുനിത വില്യംസ് വഹിച്ച പങ്ക് ചെറുതല്ല എന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വിശേഷിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃത്വം വാണിജ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു
തന്റെ ദീർഘവും ശ്രദ്ധേയവുമായ ബഹിരാകാശ ജീവിതത്തിനിടെ സുനിത വില്യംസ് ബഹിരാകാശത്ത് ആകെ 608 ദിവസം ചെലവഴിച്ചു. ഇതോടെ ഭ്രമണപഥത്തിൽ ചെലവഴിച്ച മൊത്തം സമയത്തിന്റെ അടിസ്ഥാനത്തിൽ നാസ ബഹിരാകാശ സഞ്ചാരികളിൽ രണ്ടാമത്തെ ഉയർന്ന സ്ഥാനമാണ് അവർ സ്വന്തമാക്കിയത്.
അതേസമയം, ഒരു അമേരിക്കൻ ബഹിരാകാശ സഞ്ചാരി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ഏക ബഹിരാകാശ ദൗത്യങ്ങളുടെ പട്ടികയിൽ അവർ ആറാം സ്ഥാനത്താണ്. നാസയുടെ ബോയിംഗ് സ്റ്റാർലൈനറും സ്പേസ്‌എക്സ് ക്രൂ-9 ദൗത്യങ്ങളും ഉൾപ്പെടെ ബഹിരാകാശത്ത് തുടർച്ചയായി 286 ദിവസം ചെലവഴിച്ചതാണ് ഈ നേട്ടത്തിന് കാരണം. ഈ റെക്കോർഡ് ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോറിനൊപ്പം അവർ പങ്കിടുന്നതുമാണ്