വീണ്ടും ഞെട്ടിച്ചു ടൊയോട്ട. ഏറ്റവും ജനപ്രിയ മൾട്ടി പർപ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. ഡീസൽ വാഹനങ്ങളിൽ നിന്ന് ഹൈബ്രിഡ് മോഡലുകളിലേക്കുള്ള മാറ്റം കർശനമായി നടപ്പാക്കാൻ ജപ്പാൻ കമ്പനി



അങ്ങനെ ഒരു യുഗം കൂടി അവസാനിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മൾട്ടി പർപ്പസ് വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ ഉൽപ്പാദനം നിർത്താൻ ജാപ്പനീസ് ഓട്ടോ ഭീമനായ ടൊയോട്ട.  കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഡീസൽ വാഹനങ്ങളിൽ നിന്ന് ഹൈബ്രിഡ് മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ടൊയോട്ടയുടെ തന്ത്രപരമായ നീക്കവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
ഇന്നോവ ക്രിസ്റ്റയുടെ ഉത്പാദനം 2027 മാർച്ചോടെ കമ്പനി അവസാനിപ്പിക്കും എന്ന് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നു. 

പുതിയ Corporate Average Fuel Economy (CAFE) 3  മാനദണ്ഡങ്ങൾ പ്രകാരം, വാഹന നിർമ്മാതാക്കൾ അവരുടെ മുഴുവൻ വാഹന ശ്രേണിയിലെയും കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം പരിമിതപ്പെടുത്തേണ്ടതുണ്ട്. ഭാരമേറിയ ബോഡിയും ഡീസൽ എഞ്ചിനുമുള്ള ഇന്നോവ ക്രിസ്റ്റ, ഈ കർശനമായ നിയന്ത്രണങ്ങൾ പാലിക്കാൻ കമ്പനിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ടൊയോട്ട ക്രമേണ ഡീസൽ വാഹനങ്ങളിൽ നിന്ന് പിന്മാറി പെട്രോൾ, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് പെട്രോൾ എഞ്ചിനിലും സ്വയം ചാർജ് ചെയ്യുന്ന ഹൈബ്രിഡ് സിസ്റ്റത്തിലും ലഭ്യമായ പുതിയ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചത്. 

ടൊയോട്ട ക്വാളിസിന് പകരക്കാരനായി രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നിരത്തുകളിലെത്തിയ ഇന്നോവ, പ്രീമിയം എംപിവി വിഭാഗത്തിൽ കുടുംബങ്ങൾക്കും പ്രീമിയം ടാക്സി ആവശ്യങ്ങൾക്കും ഒരുപോലെ പ്രിയങ്കരമാണ്. ഇന്ത്യയിൽ ഇതുവരെ ആദ്യ തലമുറ ഇന്നോവ, രണ്ടാം തലമുറ ഇന്നോവ ക്രിസ്റ്റ, ഏറ്റവും പുതിയ ഇന്നോവ ഹൈക്രോസ് എന്നിങ്ങനെ മൂന്ന് തലമുറകളായി ഇന്നോവ മോഡലുകൾ വിൽപ്പനയിലെത്തിയിട്ടുണ്ട്. പിൻഗാമിയായ ഇന്നോവ ഹൈക്രോസ് വിപണിയിലുണ്ടായിട്ടും ഇന്നോവ ക്രിസ്റ്റയ്ക്ക് ഇപ്പോഴും ഇന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡുണ്ടെന്നതും ശ്രദ്ധേയമാണ്.

Share this news

           

RELATED NEWS

Toyota Innova Crysta