വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും യുഎസ് സേന ബന്ദികളാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ വന്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് മഡുറോയെ പിടികൂടിയ വിവരം ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയിൽ വെനസ്വേല അപലപിച്ചിരുന്നു.
മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടി രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോയതായി അറിയിച്ചു.
'അമേരിക്കന്‍ ഐക്യനാടുകള്‍ വെനസ്വേലയ്ക്കും അതിന്റെ നേതാവിനുമെതിരെ വിജയകരമായി വന്‍തോതിലുള്ള ആക്രമണം നടത്തിയിരിക്കുന്നു. പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി,' ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ നിയമപാലകരുമായി സഹകരിച്ചാണ് ഈ സൈനിക നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുലര്‍ച്ചെ 1:50-ഓടെയാണ് കാരക്കാസില്‍ സ്ഫോടനങ്ങള്‍ തുടങ്ങിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനമായ ഫോര്‍ട്ട് തിയോണ, ലാ കാര്‍ലോട്ട വ്യോമതാവളം എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു.
മഡുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള സാമ്രാജ്യത്വ ആക്രമണമാണ് നടന്നതെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ ആരോപിച്ചു. നിക്കോളാസ് മഡുറോ നര്‍ക്കോ-ഭീകരവാദത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം മുന്‍നിര്‍ത്തിയാണ് ട്രംപ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.